കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ പ്രത്യേക കോടതി തള്ളി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം അലന് ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്, വിജിത്ത് വിജയന് എന്നിവരാണ് കേസിലെ പ്രതികള്‍.
സമൂഹ മാധ്യമങ്ങളിൽ അലൻ ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കേസിലെ വിചാരണ ഇന്ന് എന്‍ഐ പ്രത്യേക കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് 2019 നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പിടിയിലായത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസന്വേഷണം എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഉസ്മാന് അലനും താഹയും പിടിയിലാവുന്ന സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ വിജിത്ത് വിജയനും പങ്കുണ്ടെന്ന് കണ്ടെത്തി. പിന്നീടാണ് ഉസ്മാനേയും വിജിത്തിനേയും അറസ്റ്റ് ചെയ്യുന്നത്.