കഴിഞ്ഞ ദിവസം ജപ്പാൻ തീരത്ത് അടിഞ്ഞ ഭീമൻ പന്ത് ചില്ല ആശങ്കകളൊന്നുമല്ല പരത്തിയത്. തുരുമ്പെടുത്ത മഞ്ഞ പന്തിനെ കുറിച്ച് നിരവധി കഥകളായിരുന്നു പരന്നത്. ചിലർ ഇത് ഗോഡ്സില്ലയുടെ മുട്ടയാണെന്നും, മറ്റ് ചിലർ ഇത് ചാര ബലൂണാണെന്നും അവകാശപ്പെട്ടു. എന്നാൽ ആശങ്കകൾക്ക് വിരാമിട്ടുകൊണ്ട് പന്തിന് പിന്നിലെ രഹസ്യം ചുരുളഴിയുകയാണ്
ജപ്പാനിലെ ഹമാമത്സുവിലെ എൻഷു ബീച്ചിലാണ് ഈ ഭീമൻ പന്ത് വന്നടിഞ്ഞത്. 1.5 മീറ്ററായിരുന്നു പന്തിന്റെ വ്യാസം. ഇത് കണ്ട് ഭയന്ന പ്രദേശ വാസികൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും ഹെൽമെറ്റ് ധാരികളായ ഒരു സംഘം വിദഗ്ധരെത്തി പന്ത് പരിശോധിക്കുകയും ചെയ്തു. ബോംബ് വിദഗ്ധർ വരെയെത്തി സ്ഫോടന സാധ്യത തള്ളിക്കളഞ്ഞു. തുടർന്ന് തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പന്തിന്റെ എക്സ് റേ എടുത്ത ശേഷമാണ് സ്ഫോടന സാധ്യത പൊലീസ് തള്ളിക്കളഞ്ഞത്.
ഒടുവിൽ പന്തിനെ കുറിച്ചൊരു രൂപം ലഭിച്ചിരിക്കുകയാണ് അധികൃതർക്ക്. ഒരു മറൈൻ എക്വിപ്മെന്റാണ് ഇതെന്നും മറ്റ് ആശങ്കകൾക്കൊന്നും സ്ഥാനമില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ഭീമൻ പന്ത് ഉടൻ തന്നെ നശിപ്പിക്കുമെന്ന് ഷിസ്വോക പ്രിഫക്ചർ റിവർ ആന്റ് കോസ്റ്റൽ മാനേജ്മെന്റ് ബ്യൂറോ പ്രതിനിധി ഹിരോയുകി യാഗി പറഞ്ഞു. സമുദ്രത്തിൽ ചില പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന സ്റ്റീൽ ബോയ്ക്ക് സമാനമാണ് ഈ ഭീമൻ പന്തെന്നും ചില വിദഗ്ധർ അഭിപ്രായപ്പെട്ടു.