തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി എഐ ക്യാമറകളുമായി മോട്ടോർ വാഹന വകുപ്പ്. 225 കോടി രൂപ മുതൽ മുടക്കിൽ 675 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പിഴയീടാക്കുന്നതിനായി സർക്കാരിൻ്റെ അനുമതി തേയിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കും.
കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്. എന്നാൽ നിലവിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് എംവിഡി മന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേർന്ന് ഇതിന് അനുമതി നൽകണമെന്ന് എംവിഡി അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും.