തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ശക്തമാക്കും. അതിന്റെ ഭാഗമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ 10 ഇലക്ട്രിക് ബസുകള്‍ കൂടി എത്തുമെന്ന് മന്ത്രി ആന്റണി രാജു. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍വീസിന് വേണ്ടിയുള്ള ഇലക്ട്രിക് ബസുകള്‍ എത്തുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. വികാസ് ഭവന് ഡിപ്പോയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുമായി ചേര്‍ന്നുള്ള പമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
’50 ബസുകള്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ ഓടുന്നത് 40 ബസുകളാണ്. ശേഷിക്കുന്നവ കൂടി എത്തുന്നതോടെ സിറ്റി സര്‍ക്കുലര്‍ ശക്തമാകും’ മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്ര ഫ്യുവല്‍സ് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്ധന ഔട്ട്ലെറ്റ് ശൃംഖലയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ കെഎസ്ആര്‍ടിസി മേധാവി ബിജു പ്രഭാകര്‍, എച്ച്പിസിഎല്‍ ജനറല്‍ മാനേജര്‍ സിആര്‍ വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മേരിപുഷ്പം, എച്ച്പിസിഎല്‍ ചീഫ് റീജണല്‍ മാനേജര്‍ അംജാദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.