മലപ്പുറം: ചക്കിയുടെ ഈ സ്വർണ്ണ മാലയുടെ തിളക്കം ഒന്നുകൂടി കൂടും. ബസിൽ നിന്ന് ആരോ കവർന്ന മാലക്ക് പകരം ജ്വല്ലറി ഉടമ നൽകിയ തനി തങ്കം തന്നെയാണിത്. കഴിഞ്ഞ ദിവസമാണ് തിരൂർ വൈരങ്കോട് ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയായ ചക്കിയുടെ സ്വർണമാല ബസിൽനിന്ന് ആരോ കവർന്നത്.
ബസ്, യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. രണ്ട് പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തിൽ നിന്ന് മാല നഷ്ടമായത്. വൈരങ്കോട് ഉത്സവമായതിനാൽ ബസിലെ തിരക്ക് മുതലെടുത്താണ് കവർച്ച നടത്തിയത്.
കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വാങ്ങിയ ആഭരണമാണ് ചക്കിക്ക് നഷ്ടമായത്. ആകെയുള്ള തന്റെ സമ്പാദ്യമായ മാല നഷ്ടപ്പെട്ട ചക്കിക്ക് കരച്ചിൽ അടക്കാനായില്ല. കണ്ടുനിന്നവരെയും അത് കണ്ണീരിലാഴ്ത്തി. ആ കണ്ണീരിന്റെ കഥയറിഞ്ഞാണ് തിരൂരിലെ ഫൈസൽ ജ്വല്ലറി ഉടമ സ്ഥലത്തെത്തിയത്.
വ്യാപാരത്തിന്റെ ലാഭനഷ്ടത്തിനപ്പുറം മനുഷ്യ കണ്ണീരിന്റെ വിലയറിഞ്ഞ ജ്വല്ലറി ഉടമ ഫൈസലാണ് രണ്ട് പവന്റെ പുതിയ സ്വർണ മാലയുമായെത്തിയത്. അപ്പോഴും മാല നഷ്ടമായ ആധിയിൽ കണ്ണീരണിഞ്ഞ് നിൽക്കുകയായിരുന്നു ചക്കി. പുത്തൻമാല കഴുത്തിൽ അണിഞ്ഞതോടെ ചക്കിയുടെ കണ്ണീർ ആനന്ദ കണ്ണീരായി മാറി. കണ്ടുനിന്നവർക്ക് സ്നേഹത്തിന്റെ പത്തരമാറ്റ് തിളക്കമുള്ള കാഴ്ചയും.