പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസയാത്ര പോയ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും. ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയില്‍ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നല്‍കിയിരുന്നു. അവധി അപേക്ഷ നല്കിയവരും നല്കാത്തവരും ഉല്ലാസയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു. 63 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായര്‍ അവധികള്‍ ചേര്‍ത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവര്‍.
ഇതില്‍ 20 പേര് മാത്രമാണ് അവധി അപേക്ഷ നല്‍കിയത്. 22 ജീവനക്കാര്‍ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനടക്കമുള്ളവര്‍ ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോണ്സര് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കളക്ടര്‍ അന്വേഷിക്കും.