തിരുവനന്തപുരം: റോഡുകളിലെ കേബിള്‍ കെണി അപകടം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മന്ത്രി ആന്റണി രാജു. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് യോഗം ചേരുന്നത്.
പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, വിവിധ ടെലഫോണ്‍ കമ്പനികള്‍, വിവിധ ടെലിവിഷന്‍ കേബിള്‍ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം നിര്‍വഹിക്കുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ ചെയര്മാന് കൂടിയാണ് ഗതാഗത മന്ത്രി.
പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്കുണ്ടെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നു.