തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവുമധികം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്.