വിടപറച്ചിലുകൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. അത് മനുഷ്യനും മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ്. ഏറെ ഹൃദയഭേദകമായിരിക്കും ആ കാഴ്ച്ചകൾ. അത്തരം ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ വെള്ളിയാഴ്ച ഒരു കുഞ്ഞ് ലംഗൂർ മരിച്ചുപോയ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതിന്റെ ഹൃദയഭേദകമായ വീഡിയോ പങ്കിട്ടിരുന്നു. ആസാമിലാണ് സംഭവം നടന്നത്. ട്വിറ്ററിൽ പങ്കിട്ട ദൃശ്യങ്ങൾ ഏറെ വേദനാജനകമായിരുന്നു.
അമിതവേഗതയിൽ വന്ന വാഹനമിടിച്ച് മരിച്ച അമ്മയുടെ ജീവനറ്റ ശരീരത്തിന് മുകളിൽ ഒരു കുഞ്ഞ് ലാംഗൂർ അനിയന്ത്രിതമായി കരയുന്നതാണ് വിഡിയോ. “ഇത് എന്നെ ദീർഘകാലം വേട്ടയാടും. അസമിൽ ഒരു ഗോൾഡൻ ലംഗൂർ റോഡിൽ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഞ്ഞ് ഇപ്പോഴും അതിന്റെ കൈയിലാണ്”‘ എന്നാണ് നന്ദ പോസ്റ്റിന്റെ അടിക്കുറിപ്പിൽ കുറിച്ചത്.
കുഞ്ഞ് ലംഗൂർ കരയുന്നതും അമ്മയുടെ മുഖത്ത് മുറുകെപ്പിടിച്ച് അവളെ ഉണർത്താൻ ശ്രമിക്കുന്നതും കാണാം. ഇവരെ രണ്ടുപേരെയും ചുറ്റി നിരവധി ആളുകളും നിൽക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ആളുകൾ കുറിക്കുന്നത്. ചിലർ ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയപ്പോൾ മറ്റുള്ളവർ അമർഷം പ്രകടിപ്പിച്ചു.
“ഇത് വളരെ സങ്കടകരമാണ്! എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ ഒപ്പം ജീവിക്കുന്ന സഹവാസികളെ പരിപാലിക്കാൻ കഴിയാത്തത്? പാവം കുഞ്ഞ്!” എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.