രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയെ ഭയപ്പെടുന്നില്ലെന്നും, ഭയപ്പെട്ടിരുന്നെങ്കിൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണെന്നും രാഹുൽ ഗാന്ധിയല്ലെന്നും ജയശങ്കർ തിരിച്ചടിച്ചു.
ചൈന അതിർത്തിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇന്ന് ഉള്ളത്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിന് മോദി സർക്കാർ ബജറ്റ് അഞ്ചിരട്ടിയായി വർധിപ്പിച്ചു. ചൈനയെ കുറിച്ച് സംസാരിക്കാൻ ഭയമില്ല. 1962ൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനുള്ള സത്യസന്ധത പ്രതിപക്ഷ പാർട്ടിക്കുണ്ടാകണമെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.
തവാങ് സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അതേസമയം അമേരിക്കൻ ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ് സോറോസിനെ കുറിച്ചും ബിബിസി ഡോക്യുമെന്ററിയെ പറ്റിയും അദ്ദേഹം വിമർശനം ഉന്നയിച്ചു.