കൊച്ചി: വാഹനമോടിക്കുന്നയാളുടെ കാര്യത്തിൽ ഇൻഷുറൻസ് പോളിസിയിൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, അപകടത്തിൽപ്പെട്ടവർക്ക് അല്ലെങ്കിൽ മൂന്നാം കക്ഷിക്ക് തുടക്കത്തിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് കേരള ഹൈക്കോടതി.
മഞ്ചേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട് മുഹമ്മദ് റാഷിദ് നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്.2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ചാണ് ഹരജിക്കാരന് ഗുരുതരമായി പരിക്കേറ്റത്. ഏഴ് ദിവസം ആശുപത്രിയിൽ ചികിത്സയിലും തുടർന്ന് ആറ് മാസം വീട്ടിൽ വിശ്രമത്തിലും കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹരജിക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കാർ ഡ്രൈവർക്കെതിരെ ചുമത്തിയ കേസിന്റെ കുറ്റപത്രത്തിൽ മദ്യപിച്ചാണ് കാർ ഓടിച്ചിരുന്നതെന്നും ഇത് ഡ്രൈവറോ ഉടമയോ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ ഇൻഷുറൻസ് ചെയ്തയാൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചിരുന്നു. എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നത് പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് പോളിസി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മൂന്നാം കക്ഷിക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.