സ്ത്രീ പദവി പഠനം സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന സ്ത്രീ പദവി പഠനം പരിപാടിക്ക് തുറക്കം കുറിച്ചു. 2 ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രംഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, വി പി നസീമ, നഗരസഭ കൗൺസിലർമാരായ കെ വി ഗീത, ബാബു മാണി പെരുക്കിലാമല, കെ വി കുഞ്ഞിരാമൻ, ജി ആർ സി ചെയർപേഴ്സൺ നിഷിത റഹ്മാൻ, കില റിസോഴ്സ് പേഴ്സൺ മായ എന്നിവർ പ്രസംഗിച്ചു. സ്ത്രീ പദവി പഠനം ബ്ലോക്ക് കോർഡിനേറ്റർ നിഷ ക്ലാസ്സ് അവതരിപ്പിച്ചു. സാമൂഹ്യനീതി ഉൾച്ചേർന്ന വികസനം പ്രാവർത്തികമാക്കുന്നതിലും സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷി വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ട്രാൻസ് ജെൻഡർ, ഇന്റർസെക്സ് തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും സാമൂഹ്യനീതിയില്‍ അധിഷ്ടിതമായ വികസനം ഉറപ്പാക്കുന്നതിനും ഒരു പരിധി വരെ കഴിഞ്ഞ 25 വർഷക്കാലത്തെ വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. വനിതകള്‍ അടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമഗ്ര വികസനത്തിനായി ഒട്ടേറെ ഇടപടലുകള്‍ ഇതിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക ഭരണത്തിലും വികസന പ്രക്രിയയിലും വനിതകളുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പക്കുന്നതിനായി നിരവധി സംഘടന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഒമ്പതാം പദ്ധതി കാലം മുതൽ തന്നെ ആരംഭിച്ച വനിത ഘടക പദ്ധതി, കുടുംബശ്രീ, ജെൻഡർ ബജറ്റിങ്, ജെൻഡർ പ്ലാനിങ്, ജെൻഡർ ഓഡിറ്റിംഗ്, ലിംഗ പദവി പഠനം മുതലായവ സ്ത്രീ പദവി പഠനവുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകളില്‍ ചിലതാണ് . ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രികള്‍ ഉള്‍പ്പടെയുള്ള എല്ലാ ജെൻഡര്‍ വിഭാഗങ്ങള്‍ക്കും പ്രാപ്യതയും നിയന്ത്രണവും ഉറപ്പാക്കേണ്ടതുണ്ട് . അധികാര രംഗത്തുള്‍പ്പടെയുള്ള പങ്കാളിത്തം കേവല പങ്കളിത്തമായി മാറുന്നതായി കാണാന്‍ കഴിയും. സ്ത്രീ പദവി പഠനത്തിന്റെ ലക്ഷ്യങ്ങളിൽ ഓരോ ജെന്റര്‍ വിഭാഗങ്ങളും അനുഭവിക്കുന്ന ശാരീരികവും മാനസികവും ഭൗതികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുക.
പദ്ധതി രൂപീകരണത്തില്‍ സഹായിക്കും വിധം ഇവരുടെ ആവശ്യങ്ങളും മുന്‍ഗണനകളും തിരിച്ചറിയുക
സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ ഇവര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർക്ക് ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് ബോധ്യപ്പെടാനും തീരുമാനമെടുക്കല്‍ സുഗമമാക്കാനും സഹായകമാവുക.
ഇവര്‍ക്ക് അവരവരുടെ പ്രശ്നങ്ങള്‍ സ്വയം തിരിച്ചറിയാനും മാറ്റത്തിന് വേണ്ടി ശ്രമിക്കാനും സഹായകമാവുക
ഇവരുടെ പ്രശ്നത്തെ ഒരു സാമൂഹ്യ പ്രശ്നമായി കണ്ട് ഇടപെടാനും പരിഹരിക്കാനും വേണ്ട കൂട്ടായ്മകളും കർമ്മപദ്ധതികളും ആവിഷ്ക്കരിക്കാനും കഴിയുന്നു.
വനിതാഘടക പദ്ധതി കാര്യക്ഷമവും ഫലപ്രദവുമാക്കി മാറ്റാന്‍ കഴിയുക.
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ സ്ത്രീകള്‍ ട്രാന്‍സ് ജെന്റര്‍, ഇന്റര്‍ സെക്സ് മനുഷ്യരുടെ വിവര വ്യുഹം തയ്യാറാക്കുക .
ഇതിന്റെ അടിസ്ഥാനത്തില്‍ ജെന്‍ഡർ ആസൂത്രണം,, ജെൻഡർ ബഡ്ജറ്റിംഗ്, ജെന്‍ഡർ ഓഡിറ്റിംഗ് എന്നിവ സാധ്യമാക്കുക തുടങ്ങിയ പ്രവർത്തന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സ്ത്രീ പദവി പഠനം മുൻപോട്ട് പോകുന്നത്.