പാലക്കാട് : പാലക്കാട് മലമ്പുഴയിൽ പുലി ഇറങ്ങി. രണ്ട് പശുക്കളെ പുലി കൊന്നു. പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.
അതേസമയം അട്ടപ്പാടി അഗളി ഷോളയൂരും പുലിപ്പേടിയിലാണ്. രണ്ടു മാസത്തിനിടെ ഏഴ് പശുക്കളെയാണ് ഇവിടെ പുലി കൊന്നത്. കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ പ്രതിസന്ധിയിൽ ഉഴലുകയാണ്. കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ കത്താളിക്കണ്ടി ഗ്രാമത്തിൽ കന്നുകാലി വളർത്തലും പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരായതിനാൽ തന്നെ രണ്ടുമാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നതോടെ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഈ ഗ്രാമം.