ഡല്‍ഹി: ഭീകരതയും കലാപവും നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയം കണ്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ തീവ്രവാദം, വടക്കുകിഴക്കന്‍ കലാപം, ഇടതുപക്ഷ നക്സലിസം എന്നിവ നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ആഭ്യന്തര സുരക്ഷയില്‍ രാജ്യം നിരവധി ഉയര്‍ച്ച താഴ്ചകളും വെല്ലുവിളി നിറഞ്ഞ സമയങ്ങളും കണ്ടിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ഹൈദരാബാദില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലെ ട്രെയിനി ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഭീകരതയ്ക്കെതിരെയുള്ള സഹിഷ്ണുതയില്ലാത്തതും ഭീകരവിരുദ്ധ നിയമങ്ങള്‍ക്കായുള്ള ശക്തമായ ചട്ടക്കൂട്, ഏജന്‍സികളെ ശക്തിപ്പെടുത്തല്‍, ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ വിജയകരമായ ഒരു മാതൃക ബിജെപി സൃഷ്ടിച്ചു. ഇന്ത്യ ഗവണ്മെന്റിന്റെ ഏജന്‍സികളുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള പോലീസ് സേനകള്‍ പിഎഫ്ഐ പോലുള്ള സംഘടനകള്‍ക്കെതിരെ ഒറ്റ ദിവസം കൊണ്ട് വിജയകരമായ ഓപ്പറേഷന് നടത്തി. ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത എത്രത്തോളം ശക്തമാണെന്ന് ഇത് തെളിയിക്കുന്നതായും ഷാ പറഞ്ഞു.