ഇന്ത്യൻ ടീമിൽ താൻ ഇപ്പോൾ ചെയ്യുന്നത് ഫിനിഷർ റോളെന്ന് ടി-20 സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ധോണി കളി നിർത്തിയതോടെ ആ റോളാണ് താൻ ഇപ്പോൾ ചെയ്യുന്നത്. വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും സിക്സടിക്കാൻ തനിക്ക് കഴിയും. പക്ഷേ, കളി അവസാനം വരെ എത്തിക്കാനാണ് താനിപ്പോൾ ശ്രമിക്കുന്നതെന്നും ഹാർദിക് ന്യൂസീലൻഡിനെതിരായ ടി-20 പരമ്പര വിജയിച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സത്യത്തിൽ, സിക്സടിക്കാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ജീവിതത്തിൽ പരിണാമം സംഭവിക്കേണ്ടതുണ്ട്. ഞാൻ കൂട്ടുകെട്ടുകളിൽ വിശ്വസിക്കുന്നു. ടീമിനും മറുവശത്തുള്ള ടീമംഗത്തിനും ശാന്തതയും ഉറപ്പും നൽകാനാണ് എൻ്റെ ശ്രമം. ടീമിലെ മറ്റുള്ളവരെക്കാൾ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. എനിക്ക് കളിപരിചയമുണ്ട്. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയാം. അതിനു ചിലപ്പോൾ സ്ട്രൈക്ക് റേറ്റ് കുറയ്ക്കേണ്ടിവരും. ധോണി കളിച്ചുകൊണ്ടിരുന്ന റോൾ കളിക്കാൻ എനിക്ക് പ്രശ്നമൊന്നുമില്ല. യുവാവായിരുന്നപ്പോൾ ഞാൻ നാലുപാടും സിക്സടിക്കുമായിരുന്നു. ഇപ്പോൾ ധോണി വിരമിച്ചതിനാൽ, ആ ചുമതല സ്വാഭാവികമായും എന്നിലായി. അത് ചെയ്യാൻ എനിക്ക് മടിയില്ല. റിസൽട്ട് ലഭിച്ചാൽ മതി.”- ഹാർദിക് പറഞ്ഞു.സ്വയം ന്യൂബോൾ എറിയുന്നതിനെപ്പറ്റിയും ഹാർദിക് പ്രതികരിച്ചു. “പുതിയ ഒരു താരം അത്ര ബുദ്ധിമുട്ടുള്ള ഒരു റോൾ ചെയ്യുന്നത് എനിക്ക് താത്പര്യമില്ല. അതുകൊണ്ട് ഞാൻ ന്യൂബോളിൽ പന്തെറിഞ്ഞേ പറ്റൂ. മുന്നിൽ നയിക്കുക എന്നതാണ് എൻ്റെ രീതി. ന്യൂബോൾ കഴിവുകൾ ഞാൻ തേച്ചുമിനുക്കിയെടുക്കുകയാണ്. അത് എന്നെ സഹായിക്കുന്നുണ്ട്.”- ഹാർദിക് കൂട്ടിച്ചേർത്തു.
ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യ കൂറ്റൻ ജയം നേടിയിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി. പരമ്പരയുടെ താരമായും ഹാർദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.