ഒന്നര സഹസ്രാബ്ദത്തിന് മുമ്പ് അറേബ്യൻ ഉപദ്വീപിൽ പ്രസിദ്ധമായ ‘ഹുബാശ’ എന്ന വാണിജ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഭൂപ്രദേശം കണ്ടെത്തി. പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബി ഇവിടെ കച്ചവടം നടത്തിയിരുന്നതായാണ് ചരിത്രം.
അതിപുരാതന കാലത്ത് അറേബ്യൻ വ്യാപാരികൾക്ക് സുപരിചിതമായ വിപണിയാണ് ഹുബാശ. വിവിധ പ്രദേശങ്ങളിൽ നിന്ന് കച്ചവട സംഘങ്ങൾ ഇവിടെ സംഗമിച്ചിരുന്നു. സൂഖ് ഹുബാശ പ്രവർത്തിച്ചിരുന്ന പ്രദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിദഗ്ദ സംഘമാണ് കണ്ടെത്തിയതെന്ന് കഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച് ആന്റ് ആർകൈവ്സ് ചെയർമാൻ ഫഹദ് അൽസ്മാരി പറഞ്ഞു.
വിദഗദ്ഗദരടങ്ങിയ സംഘത്തെ വർഷങ്ങൾക്കു മുമ്പ് സ്ഥലം കണ്ടെത്തുന്നതിന് നിയോഗിച്ചിരുന്നു. മുഹമ്മദ് നബി ഹുബാശ ചന്തയിലെത്തി കച്ചവടം നടത്തിയിരുന്നു എന്നാണ് ചരിത്രം. അറേബ്യൻ ഉപദീപിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രം ഹിജ്റ രണ്ടാം നൂറ്റാണ്ടു വരെ പ്രസിദ്ധമായിരുന്നു.
വ്യാപാര രംഗത്തും സാമൂഹിക, രാഷ്ട്രീയ ഘടനകളിൽ സംഭവിച്ച മാറ്റങ്ങളും ഹുബാശ വിപണന കേന്ദ്രം നാമാവശേഷമാകാൻ കാരണമാണ്. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനം, ആഭ്യന്തര കലഹം, വൈദേശിക ആധിപത്യം എന്നിവയെല്ലാം ഹുബാശ സൂഖിനെ ഇല്ലാതാക്കി എന്നാണ് ഗവേഷകരുടെ അഭിപ്രായം.