ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി നടത്തിയ നിക്ഷേപങ്ങള്‍ തിരിച്ചടി നേരിട്ടു. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ ഓഹരി വിപണി മൂല്യം ഇതാദ്യമായാണ് അതിന്റെ വാങ്ങല്‍ മൂല്യത്തിന് താഴെയാകുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസിയുടെ വിപണി മൂല്യം 26,861.0 കോടി രൂപയായിരുന്നു. ഇതിന്റെ വാങ്ങല്‍ മൂല്യമായ 30,127 കോടി രൂപയേക്കാള്‍ 11 ശതമാനം കുറവാണ് ഇത്. കൃത്യമായി പറഞ്ഞാല്‍ 11 ശതമാനം കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 22ന് അദാനി ഗ്രൂപ്പിലെ എല്‍ഐസി ഇന്‍വെസ്റ്റ്മെന്റ് വാല്യു 33,632 കോടി രൂപയായിരുന്നു. ജനുവരി 27ന് എല്‍ഐസി പുറത്തുവിട്ട കണക്ക് പ്രകാരം ഇത് 56,142 കോടിയായിരുന്നു. ഡിസംബറിലെ കണക്ക് പ്രകാരം ഇത് 62,550 കോടി രൂപയായിരുന്നു. അതായത് 6,408 കോടി രൂപയുടെ അഥവാ 10 ശതമാനം വ്യത്യാസമാണ് എല്‍ഐസി ഇന്‍വെസ്റ്റ്മെന്റ് വാല്യുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് 6,400 കോടിയുടെയോ 10 ശതമാനത്തിന്റെയോ മൂല്യം വരുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ എല്‍ഐസി വിറ്റോ എന്ന ചോദ്യത്തിലേക്കാണ്.