ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു. പൈലറ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം :
‘കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് . Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്? ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും.
ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് ഒടുവിൽ പൂവണിയുന്നത്. ട്രാൻസ് പുരുഷൻ ആയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസമായി. പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് ഉടൻ എത്തും. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.