വേനൽ കടുത്തതോടെ ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ മുണ്ടന്മുടി, 40 ഏക്കർ എന്നിവടങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ജലസ്രോതസ്സുകൾ വറ്റി തുടങ്ങിയതും, ജലവിതരണ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ജലക്ഷാമം ഉണ്ടായിരിക്കുന്നത്
ജലനിധിയുടെ പൈപ്പുകൾ കഴിഞ്ഞ ഒരുമാസമായി വിശ്രമത്തിലാണ്. തുള്ളി വെള്ളം പൈപ്പിൽനിന്ന് കിട്ടില്ല. ജലനിധിയുടെ സംഭരണിയിലേക്കുള്ള പമ്പിങ്ങിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെയും കിണറുകൾ ഇതിനോടകം വറ്റി കഴിഞ്ഞു. തോടുകളിൽ നിന്നും പാറ ഓലിയിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ദൈനംദിന പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലായി.
പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ നാട്ടുകാർ നിരവധി പരാതികൾ നൽകി. പക്ഷെ നടപടികൾ ഉണ്ടായില്ല. കൂടുതൽ കുഴൽ കിണറുകൾ ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് ജലക്ഷാമം പരിഹാരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.