ഉത്തര കൊറിയയില്‍ കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡ് വാര്‍ത്തകളില്‍ നിറഞ്ഞത് മറ്റൊരു കാരണത്താലാണ്. ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം മകള്‍ കിം ജു എയ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. വെറും പത്തുവയസ് മാത്രം പ്രായമുള്ള ഈ മകള്‍ക്ക് കിം അധികാരം കൈമാറിയേക്കുമോ എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
പ്യോങ്് യാങില്‍ ബുധനാഴ്ച നടന്ന പരേഡില്‍ 30000 സൈനികരാണ് അണി നിരന്നത്. രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈലുകള്‍ അണി നിരത്തിയായിരുന്നു പരേഡ്. പക്ഷേ വാര്‍ത്തയായത് കിം ജു എയ് യുടെ സാന്നിധ്യം തന്നെയായിരുന്നു. ദൃശ്യങ്ങള്‍ സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടത് ചൂടന്‍ ചര്‍ച്ചക്ക് വഴിയൊരുക്കി. മിലിറ്ററി പരേഡില്‍ പിതാവിനൊപ്പം ഗാര്‍ഡ് ഓഫ് ഓണറിലും കിം ജു എയ് പങ്കെടുത്തു. പരേഡിന് തലേന്ന് സൈനിക ബാരക്കില്‍ നടന്ന വിരുന്നിലും കുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ ചിത്രങ്ങളും സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടു.
കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ബാരക് സന്ദര്‍ശനം എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍, ഭാര്യം റി സോള്‍ ജു എന്നിവര്‍ക്കൊപ്പമാണ് മകളെത്തിയത്. വിരുന്നില്‍ അച്ഛനും അമ്മയ്ക്കും മധ്യത്തില്‍ ഇരിക്കുന്ന മകലെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. നവംബര്‍ മുതലാണ് തന്റെ പത്തുവയസുകാരി മകളെ സൈനിക പരിപാടികളില്‍ തുടര്‍ച്ചയായി കിം കൂടെക്കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ രാജ്യത്തിന്റെ ഏറ്റവും പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങിലും മകളെ കിം ഒപ്പം കൂട്ടിയിരുന്നു. മൂന്ന് മാസത്തിനിടെ മാത്രം അഞ്ചുതവണയാണ് കിമ്മിനൊപ്പം മകളും പൊതുവേദിയിലെത്തിയത്. സര്‍ക്കാര്‍ മാധ്യമം മുന്‍പൊന്നും കിമ്മിന്റെ മക്കളെക്കുറിച്ച് ഒരുവിവരവും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ കിമ്മിന് 13 ഉം 10 ഉം 6 ഉം വയസ് പ്രായമുള്ള മൂന്ന് മക്കളുണ്ടെന്നാണ് ചില ചാര സംഘടനകള്‍ പുറത്തുവിട്ട വിവരം. 39 വയസുമാത്രം പ്രായമുള്ള കിം ജോങ് ഉന്‍ ഇപ്പോഴേ അധികാര കൈമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. പത്തുവയസ് എന്നത് തീരെ ചെറിയ പ്രായമല്ലേയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ ചോദിക്കുന്നത്.