തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധ നടത്തം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ ബാനറുമായാണ് എംഎല്‍എമാരുടെ സമരം. എംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയാണ് പ്രതിഷേധസൂചകമായി നടക്കുന്നത്. സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശം പിന്‍വലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ച സര്‍ക്കാരാണിത്.
പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ് സര്‍ക്കാരിനെന്നും വി ഡി സതീശന് പറഞ്ഞു. ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് മന്ത്രിമാര്‍ക്ക്. പ്രതിപക്ഷം സമരം ചെയ്തതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന് എതെങ്കിലും മന്ത്രി പറയുന്നതായി മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് വി.ഡി. സതീശന് ചോദിച്ചു. നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് പ്രതിപക്ഷം പോരാടും. നിയമസഭ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരത്തിന്റെ ഭാവി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കി.
നിയമസഭ സമ്മേളനം ഇന്നു പിരിയുകയാണ്. ഇനി ഈ മാസം 27 നാണ് സഭ വീണ്ടും ചേരുന്നത്. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ തുടര്‍നടപടി സംബന്ധിച്ച് യുഡിഎഫ് ആലോചിക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഈ മാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.