കൊച്ചി: മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കളമശ്ശേരിയിൽ നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ്. സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവർത്തകർ കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
സമരക്കാർക്ക് നേരെ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാതെ വന്നതോടെ ലാത്തിച്ചാർജ് നടത്തി. കടകളിലേക്കും മറ്റും ഓടിക്കയറിയവരെയും പിന്നാലെയെത്തി അടിച്ചോടിച്ചു. പ്രവർത്തകരിൽ ഒരാളുടെ തലയക്ക് അടിയേറ്റു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ പ്രവർത്തകരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ പോലീസ് തടഞ്ഞതോടെ സ്റ്റേഷന് മുന്നിലായി പ്രതിഷേധം.
ഉപരോധ സമരം തുടങ്ങിയതോടെ ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും എംപിയും പിന്തുണയുമായി സ്റ്റേഷനിൽ എത്തി. ഇതോടെ പൊലീസ് അയഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നിയമസഭാ സ്പീക്കറും ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. പിടികൂടിയ പ്രവർത്തരെ പൊലീസ് വിട്ടയച്ചു. പരിക്കേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്