തൊടുപുഴ: ഇടുക്കി ബി എൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. സിഗരറ്റ് കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്. താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്ക് ഏറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുതി ആഘാതമേറ്റത്. വനം വകുപ്പ് അധികൃതരെത്തി മേൽ നടപടികൾ സ്വീകരിച്ചു.കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് കാട്ടന ശല്യം രൂക്ഷമാണ്. മുമ്പ് തോട്ടം മേഖലയിലിറങ്ങിയ മൂന്ന് കാട്ടാന കൂട്ടത്തെ രണ്ട് ദിവസത്തെ പരിശ്രമത്തിലൂടെയാണ് കാടുകയറ്റിയത്. ഇന്ന് രാവിലെ അഥിതി തൊഴിലാളികൾ താമസിച്ച വീട് അരിക്കൊമ്പൻ തകർത്തിരുന്നു.
കാട്ടാനശല്യത്തിന് പരിപാരം ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാലിലും ശാന്തൻപാറയിലും ആയിരിക്കും ദ്രുതകർമ്മ സേന സന്ദർശനം നടത്തുക.