ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ സാധ്യത വ്യക്തമാക്കുന്ന ഒരു ലിറ്റ്മസ് ടെസ്റ്റ് ആണ് ഇത്തവണത്തെ ത്രിപുര തെരഞ്ഞെടുപ്പ്. നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി വലിയ വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയാറായത് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ്. ഇടത് രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത നേതാക്കളെയാണ് ത്രിപുരയില്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടപ്പില്‍ ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് സഹകരണത്തിനായി സിപിഐഎം മുന്നിട്ടിറങ്ങിയപ്പോള്‍ ശക്തമായി എതിര്‍ത്ത നേതാവാണ് ദീപ ദാസ് മുന്‍ഷി. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന ലളിതമായ ധാരണ പോലും അംഗീകരിക്കാന്‍ ദീപ ദാസ് മുന്‍ഷി തയാറല്ലായിരുന്നു.സ്വന്തം മണ്ഡലമായ റായ്ഗഞ്ച് നഷ്ടപ്പെടും എന്ന് കണ്ട ദീപ ദാസ് മുന്‍ഷി അന്ന് ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോലും തയാറായതോടെയാണ് ഇടത് കോണ്‍ഗ്രസ് ധാരണ പൊളിഞ്ഞത്.അതേ ദീപ ദാസ് മുന്‍ഷിയാണ് ഇന്ന് ത്രിപുരയില്‍ കോണ്‍്ഗ്രസ് – കോമ്രേഡ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കെ പ്രതിപക്ഷ ഐക്യത്തിന് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ത്രിപുരയില്‍ 13 സീറ്റുകളിലേക്ക് മാത്രം സ്വയം ഒതുങ്ങി വിട്ടു വീഴ്ചക്ക് തയാറായി മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. മമതയുടെയും കെസിആറിന്റെയും പ്രതിപക്ഷമുന്നണി നീക്കങ്ങളെ മുന്നില്‍ കണ്ട് ഇടത് പക്ഷത്തെ ഒപ്പംനിര്‍ത്താന്‍ കൂടിയാണ് ത്രിപുര മോഡലിലൂടെ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.