ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എൽസി, ഹയർ സെക്കന്ററി ബോർഡ് പരീക്ഷകൾക്ക് അടക്കം ഉത്തരവ് ബാധകമാണ്.
ടൈപ്പ് വണ്‍ പ്രമേഹം ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. സ്വന്തം ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെത്തന്നെ ആക്രമിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണ്‍ രോഗാവസ്ഥയ്ക്ക് കാരണം. ഇവിടെ, കുട്ടിയുടെ ശരീരത്തിലെ പ്രതിരോധകോശങ്ങള്‍ അവന്റെ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ്. അപ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം കുറഞ്ഞുപോകുന്നു. ഇതോടെ ഇന്‍സുലിന്‍ ഡെഫിഷ്യന്‍സി എന്ന അവസ്ഥയുണ്ടാകുന്നു.
നമ്മുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെയുണ്ടാകുന്ന ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ പാന്‍ക്രിയാസിന് ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്. പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ചാല്‍ വീണ്ടും അവ ഉണ്ടാകില്ല. അതിനാല്‍ ഈ രോഗാവസ്ഥയില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കല്‍ മാത്രമാണ് പരിഹാരം. കാരണം, എപ്പോള്‍ ഭക്ഷണം കഴിക്കുന്നുവോ അപ്പോഴെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ വര്‍ധനയുണ്ടാകും. ഇതിനെ നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ പുറമേനിന്ന് എടുത്തേ സാധിക്കൂ. തൊലിപ്പുറത്തുള്ള ഇന്ജെക്ഷന് രൂപത്തിലാണ് ഇന്‍സുലിന്‍ എടുക്കേണ്ടത്.