ഇടുക്കി: കുമളിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടിയെ ആശുപത്രി വിട്ടാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്. കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് കണ്ണു നനയിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.
അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ഏഴ് വയസ്സുകാരനോടാണ് അമ്മ ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറയുന്നത്. രണ്ട് കൈകളുടെയും കൈ മുട്ടിന് താഴെയാണ് പൊള്ളൽ. കാൽമുട്ടിന് താഴെയും പൊള്ളിച്ചിട്ടുണ്ട്. കണ്ണിൽ മുളകുപൊടി തേച്ചതായും പരാതിയുണ്ട്. വീട്ടില്‍നിന്ന് കരച്ചില് കേട്ടെത്തിയ അയല്‍ക്കാരും പഞ്ചായത്ത് മെമ്പറുമാണ് കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി കാരണമാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.