ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ഫെബ്രുവരി 27 മുതല്‍ ഉത്സവ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും. ഉത്സവ മേഖലകളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ സ്ക്വാഡുകള്‍ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകള്‍ക്കായി പ്രത്യേക സംഘമെത്തും.
അന്നദാനവും താത്കാലിക കടകളും നടത്തുന്നവര്‍ക്ക് ലൈസന്‍സ് / രജിസ്ട്രേഷന് എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതല്‍ ക്ഷേത്രപരിസരത്തുള്ള കണ്ട്രോള് റൂമില്‍ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവര്‍ത്തന സമയം. നിശ്ചിത ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്തുക്കള്‍ മാത്രം പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണമെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അറിയിച്ചു.