ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ശേഷം പൈലറ്റിന്റെ ‘സാഹചര്യബോധം’നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടത്.
ജനുവരി 10നായിരുന്നു സംഭവം. QR161 ദോഹ-കോപന്‍ഹേഗ് വിമാനം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ടേക്ക് ഓഫ് ചെയ്തത്. വിമാനം 1850 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റിന് ബോധം നഷ്ടപ്പെട്ടെന്നാണ് ദി ഏവിയേഷന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. ഫ്ളൈറ്റ് ഡയറക്ടറുടെ നിര്‍ദേശമില്ലാതെയായിരുന്നു ടേക്ക് ഓഫിന് ശേഷമുള്ള വിമാനത്തിന്റെ നിയന്ത്രണം. ആറ് മണിക്കൂറിന് ശേഷമാണ് കോപ്പന്‍ഹേഗില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയത്.
ദോഹയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഫസ്റ്റ് ഓഫീസര്‍ ആണ് നവിമാനം പറത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.