കണ്ണൂര്‍ എകെജി മ്യൂസിയത്തിന്റെ വികസനത്തിനും കൊല്ലം പീരങ്കി മൈതാനത്തെ കല്ലുമാല സ്വകയര്‍ നിര്‍മാണത്തിനും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍. എകെജി മ്യൂസിയത്തിനായി 6 കോടി വകയിരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. കല്ലുമാല സ്ക്വയര്‍ നിര്‍മാണത്തിനായി 5 കോടി രൂപയും വകയിരുത്തി.
കേരളീയ സ്ത്രീകളുടെ സ്വാഭിമാന പോരാട്ട ചരിത്രത്തിന്റേയും നവോത്ഥാന മുന്നേറ്റത്തിന്റേയും സ്മാരകമായി പീരങ്കി മൈതാനത്തെ സംരക്ഷിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയര്‍ നിര്‍മിച്ച് സംരക്ഷിക്കുന്നതിനാണ് ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. 1915 ഡിസംബറില്‍ കൊല്ലം പീരങ്കി മൈതാനത്ത് നടന്ന മഹായോഗത്തിലാണ് മഹാത്മ അയ്യങ്കാളി കല്ലയും മാലയും ബഹിഷ്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തതെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
പാവങ്ങളുടെ പടത്തലവന് എന്ന് അറിയപ്പെടുന്ന എകെജിയുടെ ജീവിതം കേരളത്തിലെ സമരമുന്നേറ്റങ്ങളുടെ നേര്ചരിത്രമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പെരളശേരിയിലുള്ള എകെജി മ്യൂസിയത്തിനായാണ് ആറ് കോടി വകയിരുത്തിയിരിക്കുന്നത്. 2024ല്‍ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി ഇത് സര്‍ക്കാര്‍ സമുചിതമായി ആഘോഷിക്കുമെന്നും പ്രഖ്യാപിച്ചു