തിരുവനന്തപുരം: ഇരണിയലില്‍ തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റില് നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. കന്യാകുമാരി കയത്താര്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകന് മംഗളരാജും (38), അനുജന് കണ്ണനും (32) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാറ്റാടിമൂട് ആഴ്വാര്‍കോവില്‍ മണിയന്‍ക്കുഴിയിലുള്ള ബിവറേജ് ഔട്ലെറ്റിലാണ് ഇരുവരും മോഷണം നടത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാക്കള്‍ 2000 മദ്യ കുപ്പികളും സിസിടിവിയുടെ ഡിവിആറും കവര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ സനല്‍ കുമാര്‍, ജോണ്‍ ബോസ്കോ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ഛ് അന്വേഷണം നടത്തി വരവെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 380 മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. കാറില്‍ മാധ്യമ പ്രവര്ത്തകന് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മീഡിയ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇരണിയല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.