തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തില്‍ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചെന്ന് ലോ കോളേജ് അധ്യാപിക. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന് പരിക്കേറ്റുവെന്നും കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. വി കെ സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ലോ കോളേജിൽ ഇന്നലെയാണ് അധ്യാപകരെ മുറിയില്‍ പൂട്ടിയിച്ച് എസ്എഫ്ഐ പ്രതിഷേധം ഉണ്ടായത്. 24 എസ്എഫ്ഐ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു അധ്യാപകരെ ഉപരോധിച്ച് കൊണ്ടുള്ള എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു ഉപരോധം. പ്രിൻസിപ്പൽ ഡോക്ടർ ബിജു കുമാർ ഉൾപ്പടെ പത്തിലധികം അധ്യാപകരെയുമാണ് ഉപരോധിച്ചത്. 24 എസ്എഫ്ഐ വിദ്യാർത്ഥികളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കെഎസ്യു എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തിനിടെ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചവർക്കെതിരെയായിരുന്നു നടപടി. കെഎസ്യു അക്രമത്തിന് തെളിവുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം
കോളേജിന് പുറത്ത് നിന്നും വിദ്യാർത്ഥികളെത്തിയെന്ന് അധ്യാപക പറയുന്നു. വിദ്യാർത്ഥികള്‍ മുറിയുടെ വൈദ്യുതി വിഛേദിച്ചു. ശ്വാസം മുട്ട് അനുഭവപ്പെട്ടതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് വി കെ സഞ്ജു പറഞ്ഞു. മ്യൂസിയം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപിക അറിയിച്ചു. എസ്എഫ്ഐ ക്യാമ്പസുകളില്‍ അഴിഞ്ഞാടുകയാണെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര് സെബാസ്റ്റ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. .