തന്റെ പഴയ അധ്യാപികയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ഒരു യുവതി പറയുന്നത് തങ്ങളെ കണ്ടാൽ പലരും മുത്തശ്ശിയും കൊച്ചുമകളുമായി തെറ്റിദ്ധരിക്കാറുണ്ട് എന്നാണ്. മോണിക്ക കെച്ചം എന്ന 31 -കാരിയാണ് മിഷേൽ ഫോസ്റ്റർ എന്ന 56 -കാരിയായ അധ്യാപികയുമായി പ്രണയത്തിലായത്. 2004 -ൽ മോണിക്കയെ സയൻസ് പഠിപ്പിച്ച അധ്യാപികയാണ് മിഷേൽ.
ക്ലാസ് കഴിഞ്ഞ് 16 വർഷത്തിന് ശേഷം മോണിക്ക തന്റെ അധ്യാപികയെ ഫേസ്ബുക്കിലൂടെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. പിന്നീട്, ഇരുവർക്കും പ്രണയം തോന്നി. അങ്ങനെ പ്രണയബന്ധം തുടരുകയായിരുന്നു. തങ്ങളെ കാണുന്ന അപരിചിതർ തങ്ങളെ അമ്മയും മകളുമായും, മുത്തശ്ശിയും കൊച്ചുമകളുമായും വരെ തെറ്റിദ്ധരിക്കാറുണ്ട് എന്ന് മോണിക്ക പറയുന്നു. രണ്ടുപേരും തമ്മിൽ 25 വയസിന്റെ വ്യത്യാസമുണ്ട് എങ്കിലും തങ്ങൾ അത് കാര്യമാക്കുന്നില്ല എന്നാണ് മോണിക്ക പറയുന്നത്.
16 വർഷങ്ങൾക്ക് ശേഷം തന്റെ വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് മെസേജ് കണ്ട അധ്യാപിക അമ്പരന്ന് പോയിരുന്നു. എങ്കിലും അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. യുഎസ്സിലെ മിഷിഗണിൽ നിന്നുള്ള ആളാണ് മോണിക്ക. മിഷേൽ തന്റെ സെവൻത് ഗ്രേഡിലെ അധ്യാപികയായിരുന്നു. താൻ എപ്പോഴും അവരുടെ പെറ്റായിട്ടുള്ള വിദ്യാർത്ഥി ആയിരുന്നു എന്നും മോണിക്ക പറയുന്നു. തനിക്ക് എപ്പോഴും വയസിന് ഒരുപാട് മൂത്ത ആളുകളോടായിരുന്നു ഇഷ്ടം അതുകൊണ്ട് തന്നെ വയസിലെ വ്യത്യാസം തനിക്കൊരു പ്രശ്നം ആയിരുന്നില്ല. പക്ഷേ, മിഷേലിന് ആദ്യം ഇക്കാര്യത്തിൽ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും മോണിക്ക വെളിപ്പെടുത്തി.
2021 ആഗസ്തിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ഇരുവരും തങ്ങളുടെ വേദനകളും ആശങ്കകളും പരസ്പരം പങ്ക് വയ്ക്കുകയും പിന്നീട് പ്രണയത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഇരുവരും വിവാഹിതരാവാൻ നിശ്ചയിക്കുന്നത്. ഈ ജൂൺ മാസത്തിൽ വിവാഹിതരാവാനാണ് തീരുമാനം.