സാധാരണയായി കഠിനാധ്വാനത്തിലൂടെയോ പരമ്പരാഗതമായി കിട്ടിയ സ്വത്ത് കൊണ്ടോ ഒക്കെയാണ് പലരും പണക്കാരാകുന്നത്. എന്നാൽ, ഇതൊന്നുമില്ലാതെ തന്നെ നിയമവിധേയമായി എളുപ്പത്തിൽ പണക്കാരാകാനുള്ള ഒരു മാർഗം ലോട്ടറി അടിക്കുക എന്നതാണ്. എന്നാൽ, ലോട്ടറി അടിച്ചിട്ടും ആ പണം കയ്യിൽ കിട്ടാതെ നഷ്ടപ്പെട്ട് പോയാൽ എന്താവും അവസ്ഥ. അതും കോടികൾ. അതിലും വലിയ നിരാശ വേറെയുണ്ടോ?
യു കെയിലുള്ള ഒരു യുവതിക്കും സംഭവിച്ചത് അതാണ്. എടുത്ത ലോട്ടറിക്ക് കോടികളടിച്ചെങ്കിലും ആ പണം കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. 1,765 കോടിയാണ് റേച്ചൽ കെന്നഡിയെന്ന യുവതിയും കാമുകൻ ലിയാമും എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത്. നമ്പറൊക്കെ പരിശോധിച്ച റേച്ചലിന് സന്തോഷം അടക്കാനായില്ല. അവൾ തന്റെ അമ്മയോടും കാമുകനായ ലിയാമിനോടും ഈ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.
ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ റേച്ചൽ എല്ലാ ആഴ്ചയും ലോട്ടറി എടുക്കാറുണ്ട്. ഒരേ നമ്പർ തന്നെയാണ് എടുക്കുന്നത്. ഫലം പരിശോധിച്ചപ്പോൾ അതേ നമ്പർ തന്നെയാണ് വിജയിച്ചിരിക്കുന്നത് എന്നും കണ്ടു. അങ്ങനെ ആപ്പിൽ പോയി റേച്ചൽ 'വിന്നിംഗ് മാച്ച്' കൊടുക്കുകയും ചെയ്തു. എന്നാൽ, ആ നിമിഷത്തിലാണ് അവൾ ആ സത്യം മനസിലാക്കിയത്. ലോട്ടറി ഫലം അനുകൂലമാണ് എങ്കിലും അവൾക്ക് ആ തുക കിട്ടില്ല. കാരണം, ലോട്ടറി ടിക്കറ്റിനുള്ള പണം അവളുടെ അക്കൗണ്ടിൽ ഇല്ലാത്തതിനാൽ തന്നെ ആ ടിക്കറ്റ് അവൾക്ക് സ്വന്തമായിരുന്നില്ല.
തങ്ങൾക്കുണ്ടായ നിരാശയെ കുറിച്ച് ലിയാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ഇത്രയും കോടികൾ തൊട്ടടുത്ത് വന്ന് ഇല്ലാതായി പോയതിൽ അത്രയേറെ നിരാശയാണ് താൻ എന്ന് റേച്ചലും പറഞ്ഞു. തന്നെപ്പോലൊരു നിർഭാഗ്യം ആർക്കുണ്ടാവും എന്നാണ് റേച്ചൽ ചോദിക്കുന്നത്.