കണ്ണൂർ : ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പാമ്പുകളും മറ്റ് ക്ഷുദ്രജീവികളും മാളങ്ങൾവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവുമായി വനംവകുപ്പ്. ദിവസങ്ങൾക്കുള്ളിൽ ജില്ലയുടെ മലയോര, പടിഞ്ഞാറൻ മേഖലകളിലെ നിരവധി വീടുകളിൽനിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. ഇതോടെയാണ് ഇഴഞ്ഞെത്തുന്ന അപകടമൊഴിവാക്കാൻ അതീവ ജാഗ്രതക്കുള്ള നിർദേശം.
ജില്ലയിൽ പാമ്പുകളുടെ സാന്നിധ്യം വർധിച്ചതായാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പ്രളയത്തിനുശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകളെ നാട്ടിൻപുറങ്ങൾ കാണുന്നതായും പറയുന്നു. പ്രളയത്തിൽ ഇവ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. പ്രളയത്തിൽ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങളും വലിയതോതിൽ അടഞ്ഞുപോയിരുന്നു. മൂർഖൻ, അണലി, രാജവെമ്പാല, വെള്ളിക്കെട്ടൻ എന്നിവക്കൊപ്പം പെരുമ്പാമ്പുകളുടെ സാന്നിധ്യവും നാട്ടിൽ ഉയർന്നെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ.
2021 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ വരെ ജില്ലയിൽനിന്ന് 1635 പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടിയത്. ചേര ഒഴികെയുള്ളവയെ പിന്നീട് കാട്ടിൽ വിടും. സംസ്ഥാനത്ത് മൊത്തം 15,325 പാമ്പുകളെയാണ് പിടികൂടി കാട്ടിലയച്ചത്. ഇതിൽ 137 രാജവെമ്പാലയുമുൾപ്പെടും.
കഴിഞ്ഞവർഷം 200പേരാണ് പാമ്പ് കടിയേറ്റ് ചികിത്സതേടിയത്. 2018ൽ 52 പേർക്ക് മാത്രമായിരുന്നു കടിയേറ്റത്. 2019-171, 2020- 239, 2021-307 എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിലെ കണക്ക്.
പാടശേഖരങ്ങളും റബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
ചൂടുകൂടിയാൽ പാമ്പുകൾ ശരീരത്തിലെ താപനില നിലനിർത്താൻ നെട്ടോട്ടമോടും. ഇതിനിടെ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വനംവകുപ്പ് പറയുന്നത്. പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വളന്റിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ‘സർപ്പ’ പേരിലുള്ള ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാമെന്നും ഇവർ അറിയിച്ചു.
മങ്ങിയ വെളിച്ചമുള്ള സന്ധ്യസമയവും അതിരാവിലെയും ഏറെ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. രാത്രി ഉറങ്ങുന്ന സമയത്ത് ജനൽപ്പാളികൾ തുറന്നിടരുതെന്നും വാഹനങ്ങൾ കുറ്റിച്ചെടികൾ, പൊന്തക്കാടുകൾ എന്നിവക്ക് സമീപമായി പാർക്ക് ചെയ്യരുതെന്നും പറയുന്നു. ഷൂസ്, ഹെൽമറ്റ് എന്നിവ ഉൾവശം നോക്കിയതിനുശേഷം മാത്രം ധരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്.
അപകടസാധ്യത മുന്നിൽക്കണ്ട് താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുവിഷ ചികിത്സക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു.