അടിമാലി: വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 22 പേർക്ക് പരിക്ക്. എറണാകുളം പനങ്ങാട് ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തില്‍പ്പെട്ടത്. ആനച്ചാൽ വണ്ടർവാലി പാർക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള ചുമരിലേക്ക് വാഹനം ഒതുക്കിയതിനാല്‍ വയി അപകടം ഒഴിവാക്കാനായി,.
ട്രാവലറിന്റെ ഡ്രൈവർ പാങ്ങാട് ഞാവതടത്തിൽ സുധൻ (56) യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ രമണി വേലായുധൻ (61), പി കെ ശാന്ത (64), അശോകൻ (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), വത്സല (45), ഇന്ദിര (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി (7), പി എ രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാറിലേക്ക് സന്ദർശനത്തിനായി എത്തിയത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെ എറണാകുളത്തേക്ക് തിരിച്ച് പോകുന്ന വഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഉടൻ ഡ്രൈവർ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.