പ്രണയബന്ധം തകരുന്നത് ആളുകളിൽ വലിയ വേദനയ്ക്ക് കാരണമാകാറുണ്ട്. ദേഷ്യം, നിരാശ, സങ്കടം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ഇതൊക്കെയും ബന്ധം തകരുമ്പോൾ തോന്നിയേക്കാം. എന്നാൽ, ഇതിൽ നിന്നും പുറത്ത് കടക്കുന്നത് വലിയ പാടാണ് പലർക്കും. ഒരുപാട് കഷ്ടപ്പെട്ടാണ് പലരും ഈ മാനസിക തകർച്ചയിൽ നിന്നും പ്രയാസങ്ങളിൽ നിന്നും എല്ലാം പുറത്ത് കടക്കുന്നത്. എന്നാൽ, പ്രണയബന്ധം തകർന്നപ്പോൾ തനിക്ക് എങ്ങനെ 25,000 രൂപ കിട്ടി എന്ന് വിവരിക്കുകയാണ് ഒരു യുവാവ് സാമൂഹിക മാധ്യമത്തിൽ.
ട്വിറ്ററിലാണ് യുവാവ് തന്റെ അനുഭവം പങ്ക് വച്ചത്. അതിൽ പറയുന്നത് ഓരോ മാസവും താനും തന്റെ കാമുകിയും കൂടി 500 രൂപ വച്ച് നിക്ഷേപിക്കുമായിരുന്നു. ബന്ധം തുടങ്ങിയ കാലം തൊട്ട് ഈ നിക്ഷേപം ഉണ്ട്. ആരാണോ ബന്ധത്തിൽ ചതിക്കപ്പെടുന്നത് അവർക്ക് ആ തുക എടുക്കാം എന്നാണ് കരാർ. കാമുകി തന്നെ ചതിച്ചു, അതുകൊണ്ട് തനിക്ക് ആ 25,000 രൂപ കിട്ടി എന്നാണ് യുവാവ് പറയുന്നത്. യുവാവ് അതിനെ വിശേഷിപ്പിക്കുന്നത് ഹാർട്ട്ബ്രേക്ക് ഇൻഷുറൻസ് ഫണ്ട് എന്നാണ്.
ആര്യൻ എന്ന യുവാവിന്റേതാണ് പ്രസ്തുത ട്വീറ്റ്. ഏതായാലും വളരെ അധികം ആളുകളെയാണ് യുവാവിന്റെ ട്വീറ്റ് ആകർഷിച്ചത്. മിക്കവരും പറഞ്ഞത് ഈ ഹേർട്ട്ബ്രേക്ക് ഇൻഷുറൻസ് ഫണ്ട് എന്ന ആശയം കൊള്ളാമല്ലോ എന്നാണ്. മിക്കവരും തങ്ങളും ഇത് പരീക്ഷിക്കാൻ താല്പര്യപ്പെടുന്നു എന്ന് പോലും പറഞ്ഞു. വേറെ ചിലർ യുവാവ് ചതിക്കപ്പെട്ടതിൽ ദുഖമുണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. വേറെ ചിലർ എന്തായാലും ഇനി ഹാപ്പി ആയിട്ടിരിക്കാൻ ശ്രമിക്കൂ എന്നും പറഞ്ഞിട്ടുണ്ട്.