കൊച്ചി: കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാഗസിനില്‍ ബാക്കി വന്ന വെടികോപ്പുകള്‍ നിര്‍വീര്യമാക്കി തുടങ്ങി. കുണ്ടന്നൂരിന് സമീപമുള്ള കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചാണ് വെടികോപ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍വീര്യമാക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ പെസോ അധികൃതരുടെ സാന്നിധ്യത്തിലാണ് വെടിക്കോപ്പുകള്‍ നിര്‍വ്വീര്യമാക്കുന്ന നടപടി ആരംഭിച്ചത്. അപകടം നടന്നതിന് തൊട്ടടുത്തുള്ള മാഗസിനില്‍ സൂക്ഷിച്ചിരുന്ന 3000 കിലോഗ്രാം വെടിമരുന്നാണ് നിര്‍വീര്യമാക്കുന്നത്.
മാഗസിനിൽ നിന്ന് വെടിമരുന്ന് ഘട്ടം ഘട്ടമായി ക്വാറിയിലെത്തിച്ച് കത്തിച്ചാണ് നിർവീര്യമാക്കുന്നത്. ജനുവരി 30നാണ് കുണ്ടന്നൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വെടിമരുന്ന് പൊട്ടിത്തറിച്ച് അപകടം നടന്നത്. 600 കിലോഗ്രാമോളം വെടിമരുന്നാണ് അന്ന് പൊട്ടിത്തെറിച്ചത്. ബാക്കിയുള്ള 3000 കിലോഗ്രാം വെടിമരുന്ന് നിറച്ച മാഗസിനുകൾ സൂക്ഷിച്ചത് അപകടം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു.
പൊട്ടാസ്യം ക്ലോറൈഡ് ഉൾപ്പെടെയുള്ള നിരോധിത രാസവസ്തുക്കളുടെ സാന്നിദ്ധ്യം വെടിമരുന്നിൽ കണ്ടെത്തിയിരുന്നു. വേനൽ കടുത്ത് ചൂട് കൂടിയതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലായിരുന്നു. വെടിമരുന്ന് നിർവീര്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. തൃശൂർ എഡിഎം, തഹസിൽദാർ, പെസോ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇപ്പോൾ നിർവീര്യമാക്കൽ നടന്നത്. അപകടത്തെ തുടർന്ന് ലൈസൻസി ആയിട്ടുള്ള ശ്രീനിവാസൻ, സ്ഥലം ഉടമ സുന്ദരാക്ഷൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.