ആമസോൺ മഴക്കാടുകളിൽ കുടുങ്ങി പോയ യുവാവിനെ 31 ദിവസങ്ങൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. ബോളീവിയൻ സ്വദേശിയായ ജൊനാഥൻ അക്കോസ്റ്റ എന്ന മുപ്പതുകാരനാണ് കാടിനുള്ളിൽ അകപ്പെട്ട് പോയത്. സ്വന്തം മൂത്രം കുടിച്ചും ചെറുപ്രാണികളെയും പുഴുക്കളെയും ഭക്ഷിച്ചും ആണ് ഇയാൾ ഇത്രയും നാള് തന്റെ ജീവൻ നിലനിർത്തിയത്. വേട്ടയാടാനായി സുഹൃത്തുക്കള്‍ക്കൊപ്പം ആമസോണ്‍ മഴക്കാട്ടിലെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍, ഇടയ്ക്കെപ്പഴോ വഴി തെറ്റി ഒറ്റപ്പെട്ടു. പിന്നെ 31 ദിവസത്തോളം വനത്തിനുള്ളിലായിരുന്നു കഴിഞ്ഞു കൂടിയത്. ബൗറസ് മുനിസിപ്പാലിറ്റിയിലെ ഒരു തിരച്ചിൽ സംഘമാണ് ഒരു മാസം നീണ്ട തിരച്ചിലിനിടയിൽ ഇയാളെ ജീവനോടെ കണ്ടെത്തിയത്.
മഴ പെയ്യാനായി താൻ പ്രാർത്ഥിക്കുമായിരുന്നു. മഴവെള്ളം മാത്രം കുടിച്ച് തള്ളിനീക്കിയ ദിനങ്ങൾ ഉണ്ട്. മഴവെള്ളം ബൂട്ടിനുള്ളിൽ ശേഖരിച്ച് വച്ചാണ് കുടിച്ചിരുന്നത്. എന്നാല്‍, പല ഘട്ടങ്ങളിലും ജീവൻ പിടിച്ച് നിർത്താൻ സഹായിച്ചത് സ്വന്തം മൂത്രം തന്നെയാണെന്നാണ് രക്ഷപ്പെട്ടതിന് ശേഷം ജൊനാഥൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കാടിനുള്ളിൽ വച്ച് നിരവധി തവണ തന്നെ മൃഗങ്ങൾ ആക്രമിച്ചതായും ഇയാൾ വെളിപ്പെടുത്തി. ഒരു രക്ഷയും ഇല്ലാതെ വരുമ്പോൾ മരങ്ങളുടെ വേരുകൾ ഭക്ഷിച്ചും വിശപ്പും ദാഹവും അടക്കിയതായി ഇയാൾ പറയുന്നു. ജാഗ്വറുകളുമായി പോലും വനത്തിനുള്ളിൽ വച്ച് മുഖാമുഖം ഏറ്റുമുട്ടേണ്ടതായി വന്നെന്നും തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.