കുട്ടനാട്: ലോക വനിതാ ദിനത്തിൽ മാതൃകാപരമായ പ്രവര്‍ത്തനവുമായി തലവടി പഞ്ചായത്ത് 13-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ. മക്കളുണ്ടായിട്ടും ആരോരുമില്ലാതെ ഭിക്ഷയെടുത്തു ജീവിക്കാനിറങ്ങിത്തിരിച്ച നാഗർകോവിൽ സ്വദേശിയായ ചെമ്പകാമ്മ (80) യ്ക്ക് സഹായഹസ്തവുമായാണ് തൊഴിലുറപ്പു തൊഴിലാളികൾ എത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ ഇവര്‍ക്ക് ആവശ്യത്തിനു വസ്ത്രവും, ആഹാരവും ചികിത്സയ്ക്കായി ഒരു ദിവസം ലഭിക്കുന്ന കൂലിയുടെ പകുതി വീതം സമാഹരിച്ചു നൽകി. തുടർന്ന് ഇവരെ ആദരിക്കുകയും ചെയ്തു.
നാല് ആൺ മക്കളും ഭർത്താവും അടങ്ങിയ കുടുംബമായിരുന്നു ചെമ്പകാമ്മയുടേത്. രോഗം ബാധിച്ച് ഭർത്താവിന്റെ കാലുകൾ നീക്കം ചെയ്തു. മക്കൾ ആരും തിരിഞ്ഞ് നോക്കാതെയായി. ആഹാരം കഴിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലായി. ഇതിന് പിന്നാലെ കുറച്ചു ദിവസം മുൻപ് ഇവരുടെ സഹോദരി നാഗർകോവിൽ നിന്നും ട്രെയിൻ മാർഗം തിരുവല്ലയിൽ എത്തിക്കുകയും പിന്നീട് എടത്വയിൽ കൊണ്ടു വിടുകയും ആയിരുന്നു. ഭിക്ഷയെടുത്തു ജീവിക്കാൻ പറഞ്ഞായിരുന്നു എടത്വയിൽ ഇറക്കി വിട്ടെതെന്നാണ് ചെമ്പകാമ്മ പറഞ്ഞത്.
ചെമ്പകാമ്മ കഴിഞ്ഞ ദിവസം രാവിലെ തലവടി പുതുപ്പറമ്പ് ക്ഷേത്രത്തിനു സമീപം തൊഴിലുറപ്പ് പ്രവര്‍ത്തനം നടക്കുന്ന തൊഴിലിടത്തിൽ എത്തി ഭിക്ഷാ സഹായം ചോദിച്ചിരുന്നു. ലോക വനിത ദിനത്തിൽ ഇത്തരത്തിൽ സങ്കടങ്ങൾ പറഞ്ഞെത്തിയവരെ വെറും കയ്യോടെ അയയ്ക്കാന്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ സമ്മതിക്കാതെ സഹായവുമായി മുന്നോട്ട് വരികയായിരുന്നു.