തിരുവനന്തപുരം: ഗാർഹിക പീഡന കേസിൽ പരാതിക്കാരിക്കും മകൾക്കും വൻ തുക പ്രതിമാസം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം സ്വദേശി 30 കാരിയായ ഷിഫാന ഉബൈസ് നൽകിയ കേസിലാണ് നിർണായക ഉത്തരവ്. തൃശൂർ സ്വദേശിയായ ഡോ മുഫീദിനെതിരെയാണ് ആറ്റിങ്ങൽ കോടതിയുടെ ഉത്തരവ്. മുഫീദ് ഭാര്യക്ക് പ്രതിമാസം 50,000 രൂപയും ഒൻപത് വയസുള്ള സ്കൂൾ വിദ്യാർത്ഥിയായ മകൾക്ക് പ്രതിമാസം 80,000 യും ജീവിതച്ചെലവിനായി നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് സജിനി ബിഎസ് ആണ് വിധി പുറപ്പെടുവിച്ചത്.
ഡോ മുഫീദിനും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെയാണ് പരാതി സമർപ്പിച്ചിരുന്നത്. ഇഎൻടി സർജനായ ഡോ മുഫീദ് പല ആശുപത്രികളിലും ക്ലിനിക്കുകളിലുമായാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം താജ് ഹോട്ടലിൽ വെച്ച് 012 ഓഗസ്റ്റ് 22 നായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് പരാതിക്കാരി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു. ഒന്നര കോടി രൂപയും ബെൻസ് കാറും 270 പവനുമാണ് വിവാഹ സമയത്ത് സ്ത്രീധനമായി നൽകിയിരുന്നതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഡോ മുഫീദും അച്ഛൻ മുഹമ്മദ് അബ്ദുൾ റഹ്മാനും അമ്മ സൈഫുന്നീസയ്ക്കും എതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് പേരും ചേർന്ന് 50 ലക്ഷം രൂപയും പരാതിക്കാരിക്കും മകൾക്കും നൽകണം.
ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. സ്ത്രീധനമായി നൽകിയ പണവും സ്വർണവും കാറും മടക്കി നൽകണമെന്നാണ് ആവശ്യം. മജിസ്ട്രേറ്റ് ആവശ്യപ്പെട്ടത് പ്രകാരം കാർ തിരിച്ച് നൽകിയെങ്കിലും 38 ലക്ഷം രൂപ മുടക്കിയാണ് കാർ നന്നാക്കിയെടുത്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വ മജീദ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഇതുകൂടി പരിഗണിച്ചാണ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതെന്നും അവർ വ്യക്തമാക്കി.