പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ 75 വിവാഹങ്ങൾ നടത്തി മുസ്ലീം ലീഗ്. കെഎംസിസി സംഘടിപ്പിച്ച സമൂഹ വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ ലീഗിൻ്റെ മുഴുവൻ നേതാക്കളും ഒട്ടേറെ പ്രവർത്തകരും എത്തിയിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയുടെ എഴുപത്തഞ്ചാം വാർഷിക ആഘോഷം എഴുപത്തഞ്ച് യുവതീ യുവാക്കൾക് മംഗല്യ സൗഭാഗ്യമൊരുക്കി ആരംഭം കുറിക്കാനായതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. അതിന് വേണ്ടി പ്രയത്നിച്ച ഓൾ ഇന്ത്യ കെ.എം.സി.സി (തമിഴ്നാട്) പ്രവർത്തകരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു’- പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും 700 പ്രതിനിധികളാണ് ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുക. ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ഡലം പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവരാണ് പങ്കെടുക്കുക. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീളുന്നതാണ്. വെളളിയാഴ്ച നടക്കുന്ന പൊതുസമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.