കോഴിക്കോട്: ലോക വനിതാ ദിനത്തിൽ ആഡംബര കപ്പൽ യാത്രയിൽ പങ്കെടുക്കാൻ അരുമയായ ആട്ടിൽ കുട്ടിയെ വിറ്റ 92 കാരിക്ക് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർമാർ ആട്ടിൻകുട്ടിയെ വാങ്ങാനുള്ള പണം സമ്മാനമായി നൽകി. സമ്മാനം കിട്ടിയ പണം കൊണ്ട് മകൻ ആലിക്കുട്ടി ആടിനെ തിരിച്ചു വാങ്ങി ഉമ്മ മറിയക്കുട്ടിക്ക് നൽകി.
സ്നേഹ നിധികളായ മക്കളെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെലവ് കണ്ടെത്താനായിരുന്നു കുന്ദമംഗലം പത്താംമൈൽ സ്വദേശിനി മറിയക്കുട്ടി ആട്ടിൻ കുട്ടിയെ വിറ്റത്. ഇതറിഞ്ഞ ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർമാർ ആടിനെ വാങ്ങാനുള്ള തുക സമാഹരിച്ച് മറിയക്കുട്ടിയ്ക്ക് നൽകുകയായിരുന്നു.
ഉല്ലാസ യാത്രയിൽ മറിയക്കുട്ടിക്ക് പ്രായം ഒരു തടസ്സമായിരുന്നില്ല. ഇനിയുള്ള എല്ലാ വനിതാ ദിനത്തിലും യാത്ര ചെയ്യാൻ ഒരുക്കമാണെന്നും അതിനായി ആട്, കോഴി,മത്സ്യം ഇവയെ വളർത്തി പണം കണ്ടെത്തുമെന്നും മറിയക്കുട്ടി പറഞ്ഞു. സഹായിച്ചവരെയും സഹകരിച്ചവരെയും കാണാൻ കൊതിയുണ്ടെന്നും ഇനിയും യാത്ര തുടരുമെന്നും ഏറെ ആവേശത്തോടെ മറിയക്കുട്ടി പറഞ്ഞു.