സ്വാതന്ത്ര്യ സമര സേനാനി ഇ കെ നാരായണൻ നമ്പ്യാർക്ക് (99) ആദരാഞ്ജലികൾ അർപ്പിക്കാൻ കാവുമ്പായിലെ വീട്ടിലേക്ക് ഒഴുക്കി എത്തുന്നത് ആയിരങ്ങൾ. തിരുവനന്തപുരത്തുനിന്ന് ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഭൗതികശരീരം വീട്ടിലെത്തിച്ചത്. സിപിഐ സംസ്ഥാന കൗൺസിലിനു വേണ്ടി സി എൻ ചന്ദ്രനും ജില്ലാ കൗൺസിലിന് വേണ്ടി സി പി സന്തോഷ് കുമാറും സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജനും സിപിഐ കേന്ദ്ര എക്സി.അംഗം അഡ്വ. പി സന്തോഷ് കുമാർ എംപിയും പുഷ്പചക്രം സമർപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സമൂഹിക, സന്നദ്ധ സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ഉൾപ്പെടെ ആയിരങ്ങള്‍ കാവുമ്പായിലെത്തിയിട്ടുണ്ട്. സംസ്കാരം ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ നടക്കും.
കാവുമ്പായി സമരപോരാളി ഇ കെ നാരായണന് നമ്പ്യാരുടെ ഭൗതികശരീരം കാവുമ്പായിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍. സിപിഐ നേതാക്കള്‍ പുഷ്പചക്രം സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നു
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നാരായണന് നമ്പ്യാരുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുശോചിച്ചു. ത്യാഗഭരിതവും പോരാട്ടവീര്യവും നിറഞ്ഞ ജീവിതംകൊണ്ട് ചരിത്രത്തില്‍ അടയാളപ്പെട്ട നേതാവായിരുന്നു അദ്ദേഹമെന്ന് കാനം അനുസ്മരിച്ചു.
കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ സേലം ജയിലില്‍ നിഷ്ഠുരമായ വെടിവയ്പുണ്ടായപ്പോള്‍ മാരക പരിക്കേറ്റ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിതാവ് രാമന് നമ്പ്യാര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രസ്തുത വെടിവയ്പില്‍ രക്തസാക്ഷികളായത്. അവസാനകാലം വരെ സിപിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇ കെ നാരായണന് നമ്പ്യാരുടെ സ്മരണ എക്കാലവും പ്രചോദനമാണെന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ്കുമാര്‍ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവര്‍ അനുശോചിച്ചു.
ഇ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെയുള്ള സമരത്തിൽ ധീരമായി പടപൊരുതിയ സഖാവായിരുന്നു ഇ കെ നാരായണൻ നമ്പ്യാരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു