99 രക്ഷാദൗത്യങ്ങളിൽ പങ്കാളിയായ കുങ്കിയാന കലീമിന് ഇനി വിശ്രമ ജീവിതം. 60 വയസായ കലീം ചുമതലയിൽ നിന്ന് വിരമിച്ചു. സേവനം അവസാനിപ്പിച്ച കലീമിന് ഗാർഡ് ഓഫ് ഓണർ നൽകി വനംവകുപ്പ് ആദരിച്ചു. ഇതിൻ്റെ വിഡിയോ തമിഴ്നാട് വനംവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ചു. 60 വയസായ കുങ്കിയാന 30 വർഷം നീണ്ട സേവനത്തിനു ശേഷമാണ് വിരമിച്ചത്.
1972ലാണ് കലീം തമിഴ്നാട്ടിലെ കോഴിക്കാമുത്തി ആനത്താവളത്തിലെത്തുന്നത്. ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട കലീമിനെ രക്ഷിച്ച് ആനത്താവളത്തിൽ എത്തിച്ചതിനു ശേഷം പരിശീലനത്തിലൂടെ കുങ്കിയാനയാക്കി മാറ്റി. തമിഴ്നാട്, കേരള, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായി 99 രക്ഷാദൗത്യങ്ങളിൽ കലീം പങ്കാളിയായി.