യുഎൻ മീറ്റിൽ പങ്കെടുത്ത് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ പ്രതിനിധി. നിത്യാനന്ദ പീഡിപ്പിക്കപ്പെടുകയാണെന്ന് യുനൈറ്റഡ് നേഷൻസ് മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് പ്രതിനിധി വിജയപ്രദ പറഞ്ഞു. സ്വയം പ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമായ നിത്യാനന്ദയാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ സ്ഥാപകനും പരമാധികാരിയും.
ഫെബ്രുവരി 22ന് നടന്ന യുഎൻ കമ്മിറ്റി ഓൺ എക്കോണമിക് സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്സ് മീറ്റിംഗിലാണ് മാ വിജയപ്രദ നിത്യാനന്ത ‘യുനൈറ്റഡ് നേഷൻസ് ഓഫ് കൈലാസം’ എന്ന സാങ്കൽപിക രാജ്യത്തെ പ്രിതിനിധീകരിച്ച് എത്തിയത്. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഗുജറാത്തിൽ നിന്ന് നിത്യാനന്ദ കടന്നുകളയുന്നത്. പിന്നീട് പുറത്ത് വരുന്ന വിവരം ആർക്കുമറിയാത്ത ഒരു സ്ഥലത്ത് നിത്യാനന്ദ ‘കൈലസ’ എന്ന രാജ്യമുണ്ടാക്കിയെന്നാണ്. യുഎന്നിൽ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യത്തിന് അംഗത്വം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഹിന്ദുവിസത്തിന്റെ ആദ്യ രാജ്യം എന്ന് പരിചയപ്പെടുത്തുകൊണ്ട് കൈലാസത്തിനെ പ്രതിനിധീകരിച്ച് എത്തിയ വിജയപ്രദ കൈലാസത്തിൽ നടക്കുന്ന സുസ്ഥിര വികസനങ്ങളെ കുറിച്ച് പറഞ്ഞു. ഒപ്പം തന്റെ രാജ്യത്തിന്റെ പരമാധികാരിയായ നിത്യാനന്ദയെ ജന്മനാടായ ഇന്ത്യ എങ്ങനെ പീഡിപ്പിക്കുന്നുവെന്നതിനെ കുറിച്ചും വിശദീകരിച്ചു. ‘ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഹൈന്ദവ ജീവിതരീതി പിന്തുടരുന്നതിനും അദ്ദേഹം നിരന്തര പീഡനം അനുഭവിക്കുകയാണ്. സ്വന്തം നാട്ടിൽ നിന്ന് നാട് കടത്തപ്പെടുക പോലും ചെയ്തു’ – വിജയപ്രദ പറഞ്ഞു. കാലസയിലെ നിത്യാനന്ദയ്ക്കെതിരായും രണ്ട് ദശലക്ഷം വരുന്ന പൗരന്മാർക്കെതിരെയുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കൈലാസം പ്രതിനിധി യുഎൻ സമ്മേളനത്തിൽ വ്യക്തമാക്കി.
പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള നിത്യാനന്ദയ്ക്കെതിരെ കർണാടക കോടതി 2010 ൽ ജാമ്യരഹിത വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദയുടെ ഡ്രൈവർ ലെനിന്റെ പരാതിപ്രകാരം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ 2020 ൽ നിത്യാനന്ദ രാജ്യം വിട്ടുവെന്ന് ലെനിൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് നിത്യാനന്ദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.