വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് വിവിധ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഇവയുടെ മറപറ്റി സൈബർ മോഷ്ടാക്കളും വ്യാജ ലിങ്കുകളും സമ്മാന പെരുമഴയുമായി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വനിതാ ദിന ക്വിസ് എന്ന പേരിൽ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും നിരവധി ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടുമെന്ന് ഉറപ്പ്
ഗുജറാത്ത് പൊലീസിന്റെ ഹെൽപ് ലൈനായ 1930 ൽ ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതി നൽകിയിരിക്കുന്നത്. ഷോപ്പിംഗ് പോർട്ടലുകളുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുണ്ടാക്കി ‘ആദ്യം ലിങ്ക് സന്ദർശിക്കുന്ന 5000 സ്ത്രീകൾക്ക് സർപ്രൈസ് സമ്മാനം’ എന്ന തലക്കെട്ടോടെയാകും തട്ടിപ്പ് നടക്കുക. ഈ ലിങ്ക് അഞ്ച് വാട്ട്സ് ആപ്പ് കോണ്ടാക്ടുകൾക്ക് അയക്കാനും എന്നാൽ ബമ്പർ സമ്മാനമായ മൊബൈൽ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ ലഭിക്കുമെന്നുമൊക്കെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. പല വ്യാജ പ്രൊഫൈലുകളിൽ നിന്നും ഇത്തരം ലിങ്കുകൾക്ക് താഴെ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നത് ഈ വ്യാജന്മാരുടെ വിശ്വാസ്യത കൂട്ടുന്നു.
ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ മൊബൈൽ ഡേറ്റയും മറ്റ് സ്വകാര്യ വിവരങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈക്കലാകും. ബാങ്കിംഗ് ആപ്പുകൾ വഴി പണം നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം തട്ടിപ്പുകൾക്കിരയായാൽ ഉടൻ സൈബർ പൊലീസുമായി ബന്ധപ്പെടണം.