ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച. വ്യാഴാഴ്ച രാത്രി രണ്ട് പേർ കിംഗ് ഖാൻ്റെ വസതിയിലേക്ക് അതിക്രമിച്ച് കയറി. ഗുജറാത്തിലെ സൂറത്ത് നിവാസികളായ യുവാക്കളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 9.30 ഓടെ മന്നത്തിന്റെ മൂന്നാം നിലയിലെത്തിയ യുവാക്കളെ ഷാരൂഖ് ഖാന്റെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടുകയായിരുന്നു. 21 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. തുടർന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പൊലീസിന് കൈമാറി.
യുവാക്കൾക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തങ്ങൾ ഗുജറാത്ത് സ്വദേശികളാണെന്നും ഷാരൂഖ് ആരാധകരാണെന്നും യുവാക്കൾ പറഞ്ഞു.