പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ആദിത്യ യോഗിനാഥും ഞാൻ നിർമ്മിച്ച തലപ്പാവ് ധരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്". ഹോളി ആഘോഷങ്ങളുടെ തിരക്കിലേക്ക് മുങ്ങിയ നഗരത്തിലിരുന്ന് മുഹമ്മദ് ഗിയാസുദ്ദീൻ പറഞ്ഞുതുടങ്ങുകയാണ്..
പ്രശസ്തമായ അക്ബാരി ടർബനുകൾ തനിമ ചോരാതെ ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരാളാണ് ഗിയാസുദ്ദീൻ എന്നാണ് ഖ്യാതി. അക്ബാരി ടർബനുകൾ അറിയില്ലേ, മുഗൾ ചക്രവർത്തി ജലാലുദ്ദീൻ അക്ബറുടെ കാലത്തെ ഛായാചിത്രങ്ങളിലും ശിൽപങ്ങളിലും നാം കണ്ടു പരിചയിച്ച അതേ തലപ്പാവ് തന്നെ. ഗംഗാതീരത്തെ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയിലണിയാൻ ഇതേ തലപ്പാവ് നിർമ്മിച്ചു നൽകുന്ന ആളും മുഹമ്മദ് ഗിയാസുദ്ദീൻ തന്നെയാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. അഞ്ച് മീറ്റർ തുണിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഈ തലപ്പാവ് കാശി വിശ്വനാഥന് സമർപ്പിക്കുക എന്നത് ഒരു ആചാരമാണ്. ഗംഗാതീരത്തെ ശിവസന്നിധിയിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ഫാൽഗുന മാസത്തിലെ ഏകാദശി നാളിലാണ്.
വരാണസിക്ക് ഹോളി എന്നാൽ ശിവ-ശക്തി പരിണയത്തിന്റെ ആഘോഷമാണ്. 250 വർഷത്തിലേറെയായി ഈ വിശേഷാവസരത്തിൽ വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ഗിയാസുദ്ദീന്റെ കുടുംബക്കാരാണ്. തലമുറ തലമുറകളായി കൈമാറ്റം ചെയ്തു വന്ന വൈദഗ്ധ്യമാണ് ഗിയാസുദ്ദീന് ഈ തലപ്പാവ് നിർമ്മാണം. വാരണാസിയിലെ ഏകാദശി ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് ഗിയാസുദ്ദീനും കുടുംബവും. ഹൈന്ദവവിശ്വാസികളുടെ പുണ്യസ്ഥലം എന്നതിനപ്പുറം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സംസ്കാരിക കേന്ദ്രം കൂടിയാണ് കാശി. ഉസ്താദ് ബിസ്മില്ലാ ഖാൻ അടക്കമുള്ളവർ കാശി വിശ്വനാഥന് മുമ്പിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഇതിന് മകുടോദാഹരണമാണ്.
വാരണാസിയിലെ 'വിശ്വനാഥ'ന് മാത്രമല്ല, ജന്മാഷ്ടമിക്ക് ശ്രീകൃഷ്ണവിഗ്രഹത്തിൽ ചാർത്താനും ഗിയാസുദ്ദീൻ തലപ്പാവ് നിർമ്മിക്കാറുണ്ട്. കാശിനാഥനായി തലപ്പാവ് നിർമ്മിക്കുന്നത് ഉത്തരവാദിത്തത്തിലുപരി അഭിമാനമായാണ് കാണുന്നതെന്ന് ഗിയാസുദ്ദീൻ പറയുന്നു. പൂർവ്വികരിൽ നിന്ന് പകർന്നുകിട്ടിയ പാരമ്പര്യം കാത്തുസൂക്ഷിക്കാനാവുന്നതിൽ അങ്ങേയറ്റം സന്തോഷവാനാണ് അദ്ദേഹം. എന്റെ മുതുമുത്തച്ഛൻ ലഖ്നൗവിൽ നിന്നാണ് ഈ കല ഇവിടേക്ക് കൊണ്ടുവന്നത്. വാരണാസി ഇഷ്ടപ്പെട്ടതോടെ അദ്ദേഹം ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
വാരണാസിയിലേക്കും ഇവിടുത്തെ ഐക്യത്തിലേക്കും അദ്ദേഹം അലിഞ്ഞുതീരുകയായിരുന്നു. അങ്ങനെയാണ് കാശിനാഥന് തലപ്പാവ് സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതും അത് ക്ഷേത്രത്തിലെ പൂജാരികൾ സ്നേഹത്തോടെ സ്വീകരിച്ചതും. ഗിയാസുദ്ദിന്റെ നാല് ആണ്മക്കളും പേരക്കുട്ടിയായ മുഹമ്മദും തലപ്പാവ് നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരാണ്. ഗിയാസുദ്ദീന്റെ ഭാര്യ ആമിനയും തലപ്പാവ് നിർമ്മാണത്തിൽ പങ്കാളിയാവാറുണ്ട്. പട്ടുതുണി, സ്വർണം വെള്ളി നൂലുകൾ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് ആഴ്ചകളെടുത്താണ് ഈ സവിശേഷ തലപ്പാവ് നിർമ്മിച്ചെടുക്കുന്നത്.