ആലപ്പുഴ: വിനോദ സഞ്ചാരത്തിനെത്തിയ ഇംഗ്ലണ്ട് സ്വദേശിയുടെ നഷ്ടമായ മൊബൈൽഫോൺ മണിക്കൂറുകൾക്കകം കണ്ടെത്തി നൽകി ആലപ്പുഴയിലെ സൈബർ പൊലീസ്. വിനോദ സഞ്ചാരത്തിനെത്തിയ ഇംഗ്ലീഷ് പൗര എലനോർ ബൻടന്റെ ലക്ഷംരൂപ വിലവരുന്ന ഐ ഫോണാണ് വീണ്ടെടുത്തുനൽകിയത്. ആലപ്പുഴ ബീച്ച് കണ്ടശേഷം തിരികെ പോരാനൊരുങ്ങുമ്പോഴാണ് എലനോർ ബൻടന്റെ ഫോൺ നഷ്ടപ്പെട്ടവിവരമറിയുന്നത്. ഉടൻ സൈബർ സെല്ലിലെത്തി വിവരം പറഞ്ഞു. പരിശോധനയിൽ ഫോൺ സ്വിച്ച് ഓഫാണെന്നു വ്യക്തമായി. തുടർന്ന് ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
നമ്പർ വ്യക്തമല്ലാതിരുന്നതിനാൽ ആലപ്പുഴ നഗരം കേന്ദ്രീകരിച്ചുള്ള സ്റ്റാൻഡിലെ നൂറോളം ഓട്ടോകളിൽ പരിശോധന നടത്തി. മൂന്നുമണിക്കൂർ പരിശ്രമത്തിനൊടുവിൽ നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോയുടെ സീറ്റിനിടയിൽനിന്നു ഫോൺ കണ്ടെത്തി. ആലപ്പുഴ സൈബർ സെല്ലിലെത്തി എസ്ഐ കെ അജിത്ത് കുമാറിൽനിന്നു ഫോൺ ഏറ്റുവാങ്ങി. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെപി വിനോദിന്റെ നിർദേശാനുസരണം സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത്തും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ബിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്.