അബുദാബി: നടുറോഡില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹന ഗതാഗതം തടസപ്പെടുത്തുന്നതിന് പുറമെ ഗുരുതരമായ അപകടങ്ങള്‍ക്കും ഇത്തരം പ്രവൃത്തികള്‍ കാരണമാവുമെന്ന് അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം കൂടി പങ്കുവെച്ചുകൊണ്ട് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
തിരക്കേറിയ റോഡില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയില്‍ നിന്നുള്ള ദൃശ്യമാണ് പൊതുജന ബോധവത്കരണം ലക്ഷ്യമിട്ട് പൊലീസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഹൈവേയില്‍ ഒരു വാനിന്റെ വീല്‍ കവര്‍ ഊരിപ്പോകുന്നതും പിന്നാലെ ഡ്രൈവര്‍ വാഹനം നടുറോഡില്‍ തന്നെ നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെയെത്തിയ ഏതാനും വാഹനങ്ങള്‍ കൂട്ടിയിടി ഒഴിവാക്കി മറ്റ് ട്രാക്കുകളിലേക്ക് മാറി മുന്നോട്ട് നീങ്ങുമ്പോള്‍ പിന്നാലെയെത്തിയ ഒരു കാര്‍ നിര്‍ത്താന്‍ സാധിക്കാതെ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിസരത്തുള്ള മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനങ്ങള്‍ തിരിച്ച് മറ്റ് ട്രാക്കുകളിലേക്ക് മാറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
നിരത്തുകള്‍ അപകട രഹിതമാക്കാന്‍ ലക്ഷ്യമിട്ട് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് അപകട സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പെട്ടെന്ന് വാഹനം നിര്‍ത്തേണ്ടി വന്നാല്‍ തൊട്ടടുത്ത എക്സിറ്റിലേക്ക് നീങ്ങണമെന്നും കുറഞ്ഞപക്ഷം റോഡ് ഷോള്ഡറിലേക്ക് എങ്കിലും വാഹനം മാറ്റണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് ആയിരം ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.